റോഡിലെ കുഴി ! കുഴി നമ്മളുടെ അടുത്തേക്ക് ഓടി വന്നതാണോ, അതോ നമ്മൾ കുഴിയിൽ പോയി വീണതാണോ..!!!

തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുന്നതുപോലെ ഇന്ന് എഴുതാനിരുന്ന കാര്യത്തെപ്പറ്റി രാവിലെ പത്രത്തിൽ വലിയ വാർത്ത. റോഡിലെ കുഴി കാരണം കഴിഞ്ഞ അഞ്ചു വർഷത്തിൽ 15, 000 ആളുകൾ ഇന്ത്യയിൽ മരിച്ചു അത്രേ…!

പറയുന്നത് സുപ്രീംകോടതി. കോടതി കണക്കെടുക്കുന്നത് സെൻട്രൽ ക്രൈം റിക്കോർഡ് ബ്യൂറോയിൽ നിന്ന് ആയിരിക്കാം. ക്രൈം റെക്കോർഡ് ബ്യൂറോ പോലീസ് എടുക്കുന്ന കേസുകളുടെ ഇനം തിരിച്ചുള്ള പട്ടികയാണ്. ഈ കണക്ക് പലപ്പോഴും ഒരു തമാശയാണ്. ഒരാൾ ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന് മുന്നിൽ എടുത്ത് ചാടി ആത്മഹത്യചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ പോലീസ് കേസ് എടുക്കുന്നത് വാഹനം അയാളെ ഇടിച്ചുവീഴ്ത്തി എന്നും വാഹനത്തിന്റ ഡ്രൈവർ ഒന്നാംപ്രതി ആണ് എന്നും ആത്മഹത്യ ചെയ്യാൻ ശ്രമിച്ചയാൾ പരാതിക്കാരൻ ആണ് എന്നുമായിരിക്കും.

മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിക്കാം. മദ്യപിച്ച് വാഹനമോടിച്ചതിന് ധാരാളം കേസുകൾ എടുക്കുന്നത് കാണാം; എന്നാൽ ഒരു വാഹനം അപകടത്തിൽ പെട്ടാൽ ഡ്രൈവർ മദ്യപിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത് കാണാൻ സാധിക്കില്ല. റോഡപകടത്തിലെ ഒരു പ്രധാന വില്ലൻ ഡ്രൈവറുടെ മദ്യപാനമാണ്; എന്നാൽ നാഷണൽ ക്രൈം റെക്കോർഡ് നോക്കിയാൽ കാര്യമായ കണക്ക് കാണില്ല. അപകടത്തിൽപ്പെട്ടവര്‍ക്ക് ഇൻഷുറൻസ് കിട്ടുന്നതിനുവേണ്ടി പോലീസ് ചെയ്യുന്ന ഒരു സേവനമാണ് ഇത്. എന്നാൽ പോലീസ് ചെയ്യുന്ന ഏറ്റവും വലിയ തെറ്റ് ഒരു അപകടമുണ്ടായാൽ വലിയ വാഹനം കുറ്റക്കാരൻ ആണെന്ന് മുൻവിധിയോടെ കേസ് രജിസ്റ്റർ ചെയ്യുന്നതാണ്. നമ്മുടെ നാട്ടിൽ ആണ് പെണ്ണിനെ ആക്രമിച്ചാലും പെണ്ണ് ആണിനെ ആക്രമിച്ചാലും പ്രതിയാകുന്നതു പുരുഷനായിരിക്കും എന്നത് പോലെ.

ഇന്ത്യയിൽ റോഡ് അപകടങ്ങൾ ഉണ്ടായാൽ യാതൊരുവിധ ശാസ്ത്രീയമായ അന്വേഷണവും നടത്താറില്ല. വാഹനമിടിച്ച് ഒരാൾ മരണപ്പെട്ടാൽ ഒരു കൊലപാതക കേസ് അന്വേഷിക്കുന്ന ഗൗരവത്തോടെ ശാസ്ത്രീയമായി കേസ് അന്വേഷിച്ച് കാരണം കണ്ടുപിടിക്കേണ്ടതാണ്. ഒരു ശതമാനംപോലും ശാസ്ത്രീയമായി ഇന്ത്യയിൽ വാഹനാപകട മരണങ്ങൾ അന്വേഷിക്കുന്നില്ല.

കുഴിയുടെ കഥയിലേക്ക് തിരിച്ചുവന്നാൽ 20% കണക്ക് സത്യമാണ്. എന്നാൽ ബാക്കിയുള്ള 80% കുഴികളും നമ്മൾ ശ്രദ്ധയോടെ വാഹനമോടിച്ചാൽ പൂർണമായി ഒഴിവാക്കാവുന്നതാണ്. നല്ല റോഡുകളിൽ സ്പീഡിൽ പോകുമ്പോൾ പെട്ടെന്ന് കാണുന്ന കുഴികൾ തീർച്ചയായും ചതിക്കുഴികൾ തന്നെയാണ്, മറ്റു കുഴികളിൽ വീഴുന്നത് നമ്മുടെ അറിവില്ലായ്മയോ, അശ്രദ്ധയോ ധൃതിയോ കൊണ്ട് മാത്രമാണ്.

#വാൽക്കഷണം റോഡപകടങ്ങളുടെ പ്രധാനകാരണങ്ങളിലൊന്ന് അശാസ്ത്രീയമായ റോഡ് നിർമ്മാണവും റോട്ടിലെ കുണ്ടുംകുഴിയും തന്നെയാണ്. ഇൗ ആർട്ടിക്കിൾ അതിനെ ന്യായീകരിക്കുന്നതായി തെറ്റിദ്ധരിക്കേണ്ട…!! കുഴി യില്ലാത്ത റോഡുകൾ ഇന്ത്യക്കാരുടെ സ്വപ്നമായി ഇപ്പോഴും അവശേഷിക്കുന്നു…

Leave a Reply